
മനുഷ്യാവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള ചിന്തകൾ യുവജനങ്ങളിലേക്കും അസംഘടിത തൊഴിലാളികൾ ഉൾപ്പടെയുള്ള സാമാന്യ ജനത്തിലേക്കും പകർന്നു നൽകി, അവരെ പ്രചോദിപ്പിക്കുവാൻ കേരളത്തിനകത്തും പുറത്തും സഞ്ചരിച്ച് തന്റെ കഴിവും സമയവും നിർലോഭം ചെലവഴിക്കുന്ന സംഘാടകനാണ് ജോയി ഗോതുരുത്ത്. വായനയിലുടെ ആർജിച്ചെടുത്ത വിജ്ഞാനം, ബൈബിളും ക്രൈസ്തവ ദർശനങ്ങളും അധിഷ്ഠിതമാക്കിയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ എന്നിവ ജോയിയുടെ സവിശേഷതകളാണ്. ചരിത്രപഠനം, ചവിട്ടുനാടക ഗവേഷണം, ലേഖനമെഴുത്ത്, പ്രഭാഷണങ്ങൾ, പഠനക്ലാസുകൾ, ഗ്രന്ഥശാലാ– സാംസ്കാരിക പ്രവർത്തനങ്ങൾ, സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകൾ ഇവയെല്ലാം കൂടി ചേരുമ്പോൾ ജോയി ഗോതുരുത്ത് എന്ന വ്യക്തിത്വമായി.
യുവത്വകാലം മുതൽ സഭാ– സമുദായ പ്രവർത്തനങ്ങളിൽ സജീവം. കെ. സി. എസ് എൽ പ്രവർത്തനങ്ങളിലായിരുന്നു തുടക്കം. 1975 ൽ കാത്തലിക് യൂത്ത് മൂവ്മെൻറിൻറെ പ്രവർത്തനം ഫിർമൂസച്ചൻറെയും ആൻറണി അമ്പാട്ടിൻറെയും നേതൃത്വത്തിൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും വ്യാപിപ്പിക്കുകയുണ്ടായി. യുവജനങ്ങളെ ആകർഷിക്കാനായി ആദ്യമായി യുവജനോത്സവം നടത്തി. അക്കാലത്താണ് യൂണിറ്റിൽ അംഗത്വം എടുക്കുന്നത്. പിന്നീട് ഗോതുരുത്ത് യൂണിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാലം, റോഡ്, ബസ്സ് സർവ്വീസ്, ആശുപത്രി തുടങ്ങിയ വികസന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രവർത്തനം ആരംഭിച്ചു. കെ സി വൈ എം 1977 ലായിരുന്നു വിവിധ ഫോറങ്ങൾക്ക് രൂപം നൽകുന്നത്. ആദ്യം മേഖലാ തലത്തിലായിരുന്നു ഫോറങ്ങൾ രൂപീകരിച്ചത്. ഗോതുരുത്ത് മേഖലയുടെ സാമൂഹിക– രാഷ്ട്രീയ ഫോറത്തിൻറെ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടു. 1978 – 1979 കാലത്ത് ഗോതുരുത്തിലെ വിൻസെൻറ് ഡി പോൾ കോൺഫ്രൻസിൻറെ പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു.
1979 ൽ കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതാ ഘടകത്തിന്റെ രണ്ടാമത്തെ കലാ–സാഹിത്യഫോറം കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രഥമ കൺവീനർ സിപ്പി പള്ളിപ്പുറം ആയിരുന്നു. തുടർന്ന്. 1981 മുതൽ 1986 വരെ രണ്ട് ടേമിൽ സാമൂഹിക രാഷ്ട്രീയ ഫോറം കൺവീനറായി പ്രവർത്തിച്ചു. ഫാ. ഫിർമൂസ് കാച്ചപ്പിള്ളി, ആൻറണി അമ്പാട്ട്, ജോർജ്ജ് പോളയിൽ, പി.ആർ. ലോറൻസ്, അഗസ്റ്റിൻ പനച്ചിക്കൽ എന്നിവരോടൊത്തുള്ള പ്രവർത്തന കാലഘട്ടത്തിൽ ട്രോളിംഗ് നിരോധനമുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ, പാതാളം ബണ്ട് സമരം, വൈപ്പിൻ പാലത്തിനായുള്ള പ്രക്ഷോഭം, വൈപ്പിൻ മദ്യദുരന്തവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്, സാമുദായിക സംവരണ സമരങ്ങൾ തുടങ്ങി നിരവധി സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടു.
കെ.സി.വൈ.എമ്മിന്റെ വരാപ്പുഴ അതിരൂപതാ പ്രസിഡണ്ട് (1986- 1988), കെ.സി.വൈ.എം. കോട്ടപ്പുറം രൂപതയുടെ പ്രഥമ പ്രസിഡണ്ട് (1988- 1990), സംസ്ഥാന പ്രസിഡണ്ട് (1991) എന്നീ നിലകളിൽ പ്രവർത്തിച്ചു. അഖിലേന്ത്യാ തലത്തിൽ സിബിസിഐ യുടെ നേതൃത്വത്തിൽ ഇന്ത്യൻ കത്തോലിക്ക യുവജന പ്രസ്ഥാനം (ഐ.സി.വൈ.എം.) രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെടുത്തിയ പ്രാരംഭസമിതിയായ യുവജന കൗൺസിൽ നിർവ്വാഹക സമിതി അംഗം (1992- 1996) ആയിരിക്കെ 1994 ൽ ദേശീയ യുവജന സർവ്വെയുടെ അസിസ്റ്റൻറ് കോർഡിനേറ്ററായും, 1995 ൽ കൊച്ചിയിൽ നടന്ന മൂന്നാമത് ദേശീയ യുവജന കൺവെൻഷന്റെ ജനറൽ കൺവീനറുമായും പ്രവർത്തിച്ചു. 1982 മുതൽ കെ എൽ സി എ. സംസ്ഥാന ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു.
കേരള ലേബർ മൂവ്മെന്റിന്റെ (കെ.എൽ.എം.) സംസ്ഥാന വൈസ് പ്രസിഡൻറായും (2004- 2010) പിന്നീട് സംസ്ഥാന പ്രസിഡണ്ട് ആയും (2010- 2014) പ്രവർത്തിച്ചു. ദേശീയതലത്തിൽ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻറെ പ്രസിഡണ്ട് (2019- 2024) ആയും സേവനം ചെയ്തു. വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻറെ പ്രവർത്തനം ഇന്ത്യയിലെ പതിനാല് റീജണുകളിലേക്കും വ്യാപിപ്പിക്കുന്നതിൽ നേതൃത്വം നൽകി.
കോട്ടപ്പുറം രൂപതാ സിനഡിൻറെ സംഘാടക സമിതിയുടെ കോർ കമ്മറ്റി അംഗമായി (2000- 2006) പ്രവർത്തിച്ചു. വരാപ്പുഴ അതിരൂപതാ സിനഡിൻറെ (2014) മോഡറേറ്റർമാരിൽ ഒരാളായി ബിഷപ്പ് ഡോ. അലകസ് വടക്കുംതല, മോൺ. ജെയിംസ് കുലാസ് എന്നിവരോടൊപ്പം പ്രവർത്തിച്ചു. ഒരു അല്മായ പ്രവർത്തകന് സഭാ സംവിധാനത്തിൽ ലഭിക്കുന്ന വലിയ അംഗീകാരങ്ങളിലൊന്നാണിത്. കെ.ആർ.എൽ.സി.സി. യുടെ പ്രാരംഭം (2002) മുതൽ 2024 വരെ അംഗം.
ഇരുനൂറ്റമ്പതിൽ പരം ലേഖനങ്ങൾ വിവിധ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1979 ലായിരുന്നു ആദ്യ ലേഖനമായ ‘അവഗണിക്കപ്പെടുന്ന കൊടുങ്ങല്ലൂർ’ കേരള ടൈംസിൽ പ്രസിദ്ധീകരിച്ചത്. പ്രധാന കൃതികൾ: ‘യുവജനങ്ങളും സാമൂഹിക പ്രതിബദ്ധതയും’, ‘കേരളത്തിലെ തൊഴിലാളി ക്ഷേമപദ്ധതികൾ’, ‘ലത്തീൻ കത്തോലിക്കരുടെ തൊഴിൽ ഘടന’, ‘ചവിട്ടുനാടകത്തിൻറെ വഴിത്താര’. ഡോ. മാർട്ടിൻ പാട്രിക്കിൻറെ നേതൃത്വത്തിൽ ജോസഫ് ജൂഡിനൊപ്പം ‘ലത്തീൻ കത്തോലിക്കരുടെ സാമൂഹിക സാമ്പത്തിക വിശകലനം‘ എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. ‘മദർ ഏലീശ്വ അൻറ് എമർജൻസ് ഓഫ് മോഡേൺ കേരള’, ‘സംവരണവും അധികാരവല്കരണവും: ചരിത്രം ദർശനം’, ‘ജീവിതം ചവിട്ടുനാടകം തന്നെ– സെബീന റാഫിയുടെ ജീവചരിത്രം’, ‘ആനി മസ്ക്രീനും കേരള നവോത്ഥാനവും’, ‘ഗുരു, ഗാന്ധി, ബഹുസ്വരതയും ഭരണഘടനയും’ തുടങ്ങിയ പത്തോളം പ്രബന്ധങ്ങൾ വിവിധ ഗ്രന്ഥങ്ങളിൽ അദ്ധ്യായങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറ് കൃതികൾക്ക് അവതാരിക എഴുതിയിട്ടുണ്ട്. ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൻറെ ശതാബ്ദി സുവനീർ ഉൾപ്പടെ ഗോതുരുത്തിൽ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള നാല് സ്മരണികാ ഗ്രന്ഥങ്ങളുടെ മുഖ്യപത്രാധിപരായി പ്രവർത്തിച്ചു.
എഫ്.എ.സി.ടി. ഉദ്യോഗമണ്ഡലിൽ ഉദ്യോഗസ്ഥനായിരുന്നു. കുറച്ചു കാലം കേരള ടൈംസ് പത്രത്തിൻറെ പറവൂർ പ്രാദേശിക ലേഖകനായും സേവനം അനുഷ്ഠിച്ചു. ഗോതുരുത്ത് സ്വദേശി. മാതാപിതാക്കൾ: സി പി ജോർജ് ചക്കാലക്കൽ, സെലീന. ജനനം– 1960 ജൂലൈ 28. റിട്ടയേർഡ് ആദ്ധ്യാപികയായ റൂബിയാണ് ഭാര്യ. മകൻ അമോസും ഭാര്യ സ്നേഹയും ജർമ്മനിയിലാണ്.