കൊച്ചി നഗരത്തിന്റെ ഒരു വിളിപ്പാടകലെയുള്ള ദ്വീപുകളാണ് മൂലമ്പിള്ളി, പിഴല, ചേന്നൂർ, കടമക്കുടി, തുണ്ടത്തുംകടവ്, വരാപ്പുഴ തുടങ്ങിയവ. ഇന്ന് റോഡുകളും പാലങ്ങളും വന്ന് വികസിതമായെങ്കിലും അടുത്ത കാലം വരെ അവ ഒറ്റപ്പെട്ട തുരുത്തുകളായിരുന്നു. ദ്വീപുകളുടെ വികസനത്തിനു വേണ്ടിയും ഇവിടത്തെ സാധാരണക്കാരും അനുദിന തൊഴിലാളികളുമായ ജനങ്ങൾ നേരിട്ടു കൊണ്ടിരുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടിയും കഠിനപരിശ്രമം നടത്തിയ ഒട്ടേറെ വ്യക്തികളുണ്ട്. അവരിൽ എടുത്ത പറയപ്പെടേണ്ട വ്യക്തിത്വമാണ് സാമുദായിക-തൊഴിലാളി പ്രവർത്തകനും കലാകാരനുമായ അഗസ്റ്റിൻ പനച്ചിക്കലിൻ്റേത്. ത്യാഗപൂർണവും ധീരോജ്വലവുമായ സമരവഴികളിൽ ജയിൽവാസം വരെ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. പാതാളം ബണ്ടു സമരത്തിൻ്റെ മുന്നണി പോരാളിയായി പ്രവർത്തിക്കുമ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സമര സമിതി പ്രവർത്തകരുടേയും സാമുദായിക രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് വിട്ടയച്ചു. മറ്റൊരിക്കൽ PSC റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ വസതിക്കു മുന്നിൽ പിക്കറ്റിംഗ് സമരം നടത്തിയതിന് ജയിലിൽ അടയ്ക്കപ്പെടുകയുണ്ടായി. രണ്ടാഴ്ചയോളം ജയിലിൽ കിടന്നു.

1948 ജനുവരി 15 ന് ചേന്നൂരിലെ പനച്ചിക്കൽ കുടുംബത്തിലെ ജോസഫി (ഔസോ) ൻ്റെയും മേരിയുടേയും മകനായി ജനിച്ചു. ചേന്നൂർ AMMUP സ്കൂൾ, വരാപ്പുഴ സെൻ്റ് ജോസഫ്സ് ഗേൾസ് സ്കൂൾ, ചേരാനല്ലൂർ അൽഫറൂഖിയ ഹൈസ്കൂൾ എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. യു. പി. സ്കൂൾ പഠനകാലത്തുതന്നെ അഗസ്റ്റിൻ്റെ നേതൃപാടവവും കലാ സാഹിത്യാഭിരുചിയും കണ്ടെത്തിയ കോൺവെൻ്റ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ. സി. പൗളിൻ സി ടി സിയും റവ. സി. എലിസബേത്ത് സി ടി സിയും  പ്രസംഗകലയിലും നാടകാഭിനയത്തിലും അവസരങ്ങളും പരിശീലനവും നൽകി പ്രോത്സാഹിപ്പിച്ചു.  ഹൈസ്കൂളിൽ എത്തിയതോടെ കഴിവുകൾ സ്വയം പരിപോഷിപ്പിച്ച് പ്രസംഗ മത്സരങ്ങളിലും നാടകാഭിനയത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടി. രണ്ടു തവണ ജില്ലാടിസ്ഥാനത്തിൽ ബെസ്റ്റ് ആക്ടറായി.

പത്തുവയസ്സുള്ളപ്പോൾ മരിയൻ സൊഡാലിറ്റിയുടെ കടമക്കുടി മേഖലയിലെ പ്രമോട്ടറായി തെരഞ്ഞെടുക്കപ്പെട്ടു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. ബോംബെയിൽ നിന്നെത്തിയ സുഹൃത്ത് ഇ. കെ. ദാസനുമായി ചേർന്ന് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ജോലിയിലേർപ്പെട്ടു. മോട്ടോർ കാർ ഡ്രൈവിംഗ് വലിയ സംഭവമായിരുന്ന അക്കാലത്ത് ഡ്രൈവിംഗും പഠിച്ചു.  കലാ സാഹിത്യ നാടക പ്രവർത്തനങ്ങളിൽ അപ്പോഴും സജീവമായി തന്നെ നിലകൊണ്ടു. യുവജന കലാലയം എന്നൊരു സമിതി ഉണ്ടാക്കി നാടകവും ‘ടാഗോർ ‘ എന്ന പേരിൽ കയ്യെഴുത്തുമാസികയും നടത്തിപ്പോന്നു. നിരവധി സ്ഥലങ്ങളിൽ ഏകാങ്ക നാടകങ്ങളവതരിപ്പിക്കുകയും സമ്മാനിതനാവുകയും ചെയ്തു. എന്നാൽ ചവിട്ടു നാടകക്കാരനായ അപ്പനെ പോലെ കലാപ്രവർത്തനങ്ങളുമായി നടക്കുന്നതിൽ അമ്മയ്ക്ക് ഉൽക്കണ്ഠയായിരുന്നു. പഠിച്ച് എന്തെങ്കിലും ജോലി നേടണമെന്ന് അമ്മ നിരന്തരം ഉപദേശിച്ചിരുന്നു.

നാടകമേക്കപ്പ് രംഗത്ത് തെളിയിക്കപ്പെട്ട പ്രാവീണ്യം സിനിമയിലും ചില അവസരങ്ങൾ ലഭിക്കാൻ ഇടയാക്കി. എന്നാൽ ആ പരിശ്രമങ്ങൾ അധികകാലം മുന്നോട്ടു കൊണ്ടുപോകാനായില്ല, നാടക പ്രവർത്തനവുമായി നടക്കുമ്പോഴാണ് നാട്ടുകാരനായ ശ്രി. ആൻ്റണി അമ്പാട്ടിൻ്റെ പ്രേരണയാൽ ചേന്നൂരിലെ പല ക്ലബ്ബ്കാരേയും കൂട്ടി യോജിപ്പിച്ച് ഫ്രണ്ട്സ് അസോസിയേഷൻ എന്ന വലിയ ക്ലബ് രൂപികരിച്ചു. അതിൻ്റെ പ്രഥമ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കേരള സംഗീത നാടക അക്കാദമിയിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബ്  നാടകങ്ങളും കഥാപ്രസംഗങ്ങളും വില്ലടിച്ചാം പാട്ടുമൊക്കെ നിരവധി വേദികളിലവതരിപ്പിച്ച് ‘ എ ‘ഗ്രേഡ് കലാസമിതിയായി. പിന്നീട് എറണാകുളം ജില്ലാ അമച്വർ കലാ സമിതി രൂപകരിച്ചപ്പോൾ അതിൻ്റെ പ്രഥമ ജനറൽ സെകട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

നാടകവും കലാപ്രവർത്തനങ്ങളും മറുമായി നടക്കുമ്പോഴാണ് ശ്രീ ആൻ്റണി അമ്പാട്ട് സമുദായ പ്രവർത്തന രംഗത്തേയ്ക്ക് ക്ഷണിക്കുന്നത്. ” താങ്കളെ പോലുള്ളവരെ സമുദായത്തിന് ആവശ്യമുണ്ട് നമുക്ക് ഒരുമിച്ചു നിൽക്കാം.” എന്ന അമ്പാട്ടിൻ്റെ നിർദ്ദേശം പനച്ചിക്കൽ ഏറ്റെടുത്തു. 1969 ലായിരുന്നു അത്. ശ്രീ ജോർജ് പണിക്കശ്ശേരിയും കൂടെയുണ്ടായിരുന്നു. തുടർന്ന് കാത്തലിക് അസോസിയേഷൻ്റെയും  കാത്തലിക്ക് യൂത്ത്മൂവ്മെൻ്റി ൻ്റെയും പ്രവർത്തനങ്ങളിൽ സജീവമായി. KLCA ഐലൻ്റ് സോൺ ഭാരവാഹിയായി.

ഫാക്ട് എഞ്ചിനീയറിംഗ് വർക്സ് എന്ന  സ്ഥാപനത്തിൻ്റെ ഭാഗമായി കുറച്ചു നാൾ ഫാക്ട് ഏലൂരിൽ  ജോലി നോക്കി. ഈ കാലയളവിലാണ് ഫാക്ടിലെ ജീവനക്കാരനായ ജോയി ഗോതുരുത്തിനേയും സി.ഐ.ടി.യു. നേതാക്കളായ വി.ബി. ചെറിയാൻ, കെ. ചന്ദ്രൻപിളള , പയ്യപ്പിള്ളി ബാലൻ (നാടകകൃത്ത് ), ഗംഗാധരൻ എന്നിവരുമായി സൗഹൃദത്തിലാവുന്നത്. ഈ സൗഹൃദങ്ങൾ പുസ്തക വായനയ്ക്കും സാമൂഹിക രാഷ്ട്രീയ പഠനങ്ങൾക്കും കൂടുതൽ പ്രചോദനമേകി. ഇടതുപക്ഷ സഹയാത്രിനാവുന്നതിനും അവസരമൊരുക്കി.

പത്ത് സെൻ്റ് കുടികിടപ്പ് സമരം, മിച്ചഭൂമി സമരം, വിവിധ കമ്പനികളിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾ എന്നിവയിൽ പങ്കാളിയായി. സി.ഐ.ടി.യു. വിൻ്റെ ഒമ്പതാം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുമ്പോൾ ചേന്നൂർ ഗ്രൂപ്പിൻ്റെ ലീഡറായി കാക്കി ട്രൗസറും ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ച് ചെങ്കൊടിയേന്തി പ്രകടനത്തിൻ്റെ  മുന്നണിയിൽ  ചേർന്നത് ചില യാഥാസ്ഥിതിക സമുദായ പ്രമാണികൾക്ക് രുചിച്ചില്ല. അവർ അന്നത്തെ വരാപ്പുഴ ആർച്ച്ബിഷപ്പായിരുന്ന ഡോ: ജോസഫ് കേളന്ത്രയെ കണ്ട് പരാതി പറഞ്ഞു. “ഞാനല്ലല്ലോ അദ്ദേഹത്തെ നേതാവാക്കിയത്. തൊഴിലാളികൾ അദ്ദേഹത്തെ തെരഞ്ഞെടുത്തതല്ലേ? തൊഴിലാളികൾ അവരുടെ സമ്മേളനത്തിൽ പങ്കെടുത്തതിന് ഞാൻ എന്തു ചെയ്യാനാണ്” എന്നു പിതാവ് മറുപടി പറഞ്ഞു, പരാതി ഉന്നയിച്ചവരുടെ വായ അടക്കി.  

വരാപ്പുഴ അതിരൂപതയിൽ യുവജനപ്രസ്ഥാനമായ കാത്തലിക് യൂത്ത് മൂവ്മെൻ്റ് രൂപീകൃതമായ നാൾ മുതൽ സജീവ പ്രവർത്തകനായിരുന്നു. പനച്ചിക്കൽ. പ്രഥമ ജനറൽ സെക്രട്ടറിയായ കെ. ജി മത്തായിക്കും തുടർന്ന് ജോർജ്ജ് പോളയിലിനും ശേഷം മൂന്നാമത്തെ ജനറൽ സെകട്ടറിയായി തെരഞെടുക്കപ്പെട്ടു. പി. ആർ. ലോറൻസ് പ്രസിഡണ്ടും ജോയി ഗോതുരുത്ത് സാമൂഹിക രാഷ്ട്രീയ ഫോറം കൺവീനറും.  മൂവരും ചേർന്നു ഡയറക്ടറായിരുന്ന ഫാ. ഫിർമുസ് കാച്ചപ്പിള്ളിയുടെ പ്രചോദനത്തിൽ അദ്ദേഹത്തോടൊപ്പം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഇടവകകളിൽ യുവജനപ്രസ്ഥാനം കെട്ടിപ്പടുക്കുന്ന പ്രവൃത്തിയിലേർപ്പെട്ടു. എല്ലാ ഞായറാഴ്ചകളിലും ഇടദിവസങ്ങളിൽ വൈകിട്ടും യുവജനങ്ങൾക്ക് ക്ലാസ്സുകളും സെമിനാറുകളും നടത്തി. സമൂഹത്തിൻ്റെ സമ്പൂർണവിമോചനവും വ്യക്തികളുടെ സമഗ്ര വികാസവുമായിരുന്നു. ലക്ഷ്യം. പ്രയത്നം ഫലം കണ്ടു. പനങ്ങാട് മുതൽ പീച്ചി വരെയുണ്ടായിരുന്ന അന്നത്തെ വരാപ്പുഴ അതിരൂപതയിലെ മിക്ക ഇടവകകളിലും കെ. സി. വൈ. എം. യൂണിറ്റുകൾ  സ്ഥാപിച്ചു. നിരവധി യുവജനങ്ങൾ ആവേശത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

സാമൂഹിക നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള നിരവധി സമരങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചു. പാതാളം ബണ്ട് സമരം, വൈപ്പിൻ പാലത്തിനു വേണ്ടിയുള്ള സമരം, മൺസൂൺ കാലത്ത് ആഴക്കടൽ മത്സ്യബന്ധനം നിരോധിക്കണമെന്നതുൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരങ്ങൾ, വൈപ്പിൻ വിഷമദ്യ ദുരന്തത്തിനിരയായവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക;

കൊച്ചിൻ ഷിപ്പ് യാർഡിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഷിപ്പ് യാർഡിൽ ജോലി സംവരണം ഉറപ്പുവരുത്തുക; പെരുമാന്നൂർ പ്രദേശത്ത് ജി. സി. ഡി.എ. ഭൂമി മരവിപ്പിച്ചു തദ്ദേശവാസികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, കടമക്കുടി ദ്വീപസമൂങ്ങളുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുക; എന്നിങ്ങനെ ചെറുതും വലുതുമായ സമരങ്ങളുടെ മുന്നണിയിൽ അഗസ്റ്റിൻ പനച്ചിക്കൽ സജീവമായുണ്ടായിരുന്നു. 

പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കൊച്ചി സന്ദർശനം, വരാപ്പുഴ അതിരൂപതയുടെ ശതാബ്ദി ആഘോഷം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുടെ നേതൃനിരയിൽ അഗസ്ററിൻ ആത്മാർഥതയോടെയും ഊർജസ്വലതയോടെയും പ്രവർത്തിച്ചു. ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ സൗഹൃദവലയം കൂടുതൽ വിപുലമാക്കി. KSEB PSC റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ . നടത്തിയ സമരത്തിൽ മുഖ്യമന്ത്രിയുടെ വീട് പിക്കറ്റ് ചെയ്തതിന് 15 ദിവസമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയേണ്ടി വന്നത്. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സർക്കാരിനേയും PSC യേയും എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ കേസ്സു കൊടുത്തു. കേസ്സ് അനുകുലമായി വിധിച്ചതിനെ തുടർന്ന് 1981 ൽ KSEB യിൽ ജോലിയിൽ പ്രവേശിച്ചു. KSEB യിലും തൊഴിലാളി സംഘടനാ രംഗത്ത് സജീവമായി നിലകൊണ്ടു.

1983 ൽ പള്ളിപ്പുറം സ്വദേശിനിയായ ബേബിയെ വിവാഹം കഴിച്ചു. മൂന്ന് പെൺമക്കൾ.

ജോലി സംബന്ധിയായി സൗകര്യാർത്ഥം കൊടുങ്ങല്ലൂർ കോട്ടപ്പുറത്തേക്ക് താമസം മാറ്റി. ചരിത്ര പ്രസിദ്ധമായ പോർച്ചുഗീസ് കോട്ടയുടെ സമീപത്താണ് വീട്. കോട്ടപ്പുറത്ത് താമസം തുടങ്ങിയതിന് ശേഷവും സമുദായ പ്രവർത്തനത്തിൽ സജീവമായിരുന്നു. രൂപതാ കെ. എൽ.സി.എ  ഭാരവാഹിത്വത്തിൽ ദീർഘകാലം ഉണ്ടായിരുന്നു. കോട്ടപ്പുറം രൂപതയുടെ മാനേജ്മെൻ്റിൽ  കോളേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടത്തിയ സമരങ്ങളുടെ ജനറൽ കൺവീനറായിരുന്നു. ആ സമരത്തിൻ്റെ ഫലമായിട്ടാണ്   ഇപ്പോൾ പുത്തൻവേലിക്കരയിൽ പ്രവർത്തിക്കുന്ന പ്രസൻ്റേഷൻ കോളേജ് അനുവദിക്കപ്പെട്ടത്. അഭിപ്രായങ്ങൾ തൻ്റേടത്തോടെ തുറന്നു പറയുന്ന ധീരനായ പൊതു പ്രവർത്തകൻ,കലാകാരൻ, ചരിത്ര ഗവേഷകൻ, സാഹിത്യകാരൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ അഗസ്റ്റിൻ പനച്ചിക്കൽ തനിക്കു ലഭിച്ച താലന്തുകൾ പതിന്മടങ്ങു വർധിപ്പിച്ചു സമുദായത്തിനും സമൂഹത്തിനും നൽകിക്കൊണ്ടിരിക്കുന്നു.

N C Augustine