മലയാളസാഹിത്യരംഗത്ത് പ്രതിഭയുടെ തിളക്കംകൊണ്ടും സ്ഥിരോത്സാഹത്തിന്‍റെ തെളിച്ചം കൊണ്ടും ശ്രദ്ധേയനായ ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി കേരളീയ ഭാഷാസാഹിത്യ മണ്ഡലത്തിൽ മഹത്തായ സംഭാവനകള്‍ നല്കിയ സര്‍ഗധനനാണ്. കര്‍മമേഖലയില്‍ വിദ്യാഭ്യാസ, ജീവകാരുണ്യ, അധ്യാപനശുശ്രൂഷകളിൽ അദ്ദേഹം മുഖമുദ്ര പതിച്ചു.
2009 സെപ്തംബര്‍ 13 ന് പരിശുദ്ധ പിതാവ് ബെനെഡിക്ട് പതിനാറാമൻ ‘നൈറ്റ് ഓഫ് സെന്‍റ് സില്‍വെസ്റ്റര്‍’ എന്ന ഷെവലിയര്‍ സ്ഥാനം നല്കി അദ്ദേഹത്തെ ആദരിച്ചു. കെ.ആര്‍.എല്‍.സി.സി. 2015-ലെ വൈജ്ഞാനിക സാഹിത്യ അവാര്‍ഡ്, കുടുംബദീപം അവാര്‍ഡ്, കെ.സി.ബി.സി. അവാര്‍ഡ്, കെ.എല്‍.സി.എ റൂബി ജൂബിലി പുരസ്കാരം എന്നിവ അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള അംഗീകാരങ്ങളാണ്.
കഥ, നോവല്‍, ഗാനരചന, പത്രപ്രവര്‍ത്തനം തുടങ്ങിയ തലങ്ങളിലാണ് അദ്ദേഹം തന്‍റെ കഴിവും മിഴിവും വ്യക്തമാക്കിയത്. സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ്, ജീവിതവിദ്യാലയം, കര്‍മ്മത്തിന്‍റെ പാതയില്‍, മിഷണറിവ്യാകരണം, പള്ളിയും പട്ടക്കാരും, ദൈവദാസൻ ജോർജ് വകയിലച്ചൻ: ഒരു ചരിത്ര വായന തുടങ്ങിയവയാണ് കൃതികള്‍. ധാര, അപരാഹ്നങ്ങളില്‍ വെയില്‍, കുഴലൂത്തും ചെവിയോര്‍ത്ത്, മഹിമയ്ക്കടുത്ത രഹസ്യങ്ങള്‍ എന്നിവ അദ്ദേഹത്തിന്‍റെ മികച്ച നോവലുകളാണ്. കാഴ്ചപോരുൾ ശ്രദ്ധയാകർഷിച്ച തുടർലേഖനങ്ങളാണ്. ആനുകാലികങ്ങളിലെ നിരവധി കഥകൾ ഇനിയും സമാഹരിച്ചിട്ടില്ല. ഏഴു തിരിയിട്ട വിളക്കാണെൻ ഹൃദയം, ദിവ്യകാരുണ്യമേ ബലിവേദിയില്‍,ദിവ്യകാരുണ്യത്തിൽ യേശുവും ഞാനും, ആത്മാവില്‍ ഒരു പള്ളിയുണ്ട് പോലുള്ള അഞ്ഞൂറിൽ പരം ഗാനങ്ങൾ, കേരള ലത്തീൻ സഭയുടെ മത ബോധന ഗ്രന്ഥങ്ങളിൽ നാലു മുതൽ മുകളിലേക്കുള്ള എല്ലാ ക്ലാസ്സിലെയും അധ്യായങ്ങളിൽ ഉപയോഗിച്ചിട്ടുള്ള എൺപതോളം ഗാനങ്ങൾ ഡോ. പ്രീമൂസ് രചിച്ചവയാണ്.
ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിന്‍റെ സാംസ്കാരികചരിത്രത്തിലെ നഷ്ടപ്പെട്ടുപോയ ഒരധ്യായമാണ്. മലയാളഭാഷയിലെഴുതപ്പെട്ട ഏറ്റവും പഴയ സമ്പൂര്‍ണ ഗദ്യമാതൃക 1599 ലെ ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളാണ്. ഇവയുടെ നാലേകാല്‍ നൂറ്റാണ്ടിനുമുമ്പുള്ള ശൈലി വിന്യാസങ്ങളും നാട്ടുവഴക്കങ്ങളും പ്രചാരലുപ്തമായ പദപ്രയോഗങ്ങളും സാരം പറഞ്ഞും വകതിരിച്ചും തയാറാക്കിയ ആധുനിക മലയാളഭാഷാന്തരണമാണ് ഡോ. പ്രീമൂസ് പെരിഞ്ചേരി രചിച്ച ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍ 1599. മിഷണറി വ്യാകരണമാകട്ടെ മലയാളത്തിലെ അപൂര്‍വമായ ഒരു ഗവേഷണപ്രബന്ധമാണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ ആദ്യകാല ഭാഷ ഗദ്യ ഭാഷാവ്യാകരണങ്ങള്‍ തേടി വത്തിക്കാന്‍ ലൈബ്രറിയില്‍ നടത്തിയിട്ടുള്ള അന്വേഷണ പഠനങ്ങളാണ് ആ പ്രബന്ധത്തിനു ജീവനേകിയത്. വൈജ്ഞാനിക സാഹിത്യമേഖലയില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന കൃതി തന്നെയാണ് മിഷണറിവ്യാകരണം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയില്‍നിന്ന് ‘മിഷണറി വ്യാകരണം: പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍’ എന്ന ഗവേഷണപ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചു.
ലത്തീന്‍സഭയുടെ കാനോന്‍നിയമസംഹിത, പി.ഒ.സി.യുടെ പുതിയനിയമം, പഴയ നിയമം, ലത്തീന്‍ ദിവ്യബലിക്രമം മിസ്സാൾ എന്നിവയുടെ ഭാഷാസംശോധനവും നിരവധികൃതികളുടെ ആമുഖപഠനവും നടത്തിയിട്ടുള്ള അദ്ദേഹം കുടുംബദീപം എഡിറ്ററായും താലന്ത്, ചെറുപുഷ്പം, പ്രേഷിതകേരളം, സംരക്ഷകന്‍, ജീവദീപ്തി എന്നിവയുടെ പത്രാധിപസമിതിയിൽ അംഗമായും പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരുടെ കഴിവുകള്‍ അംഗീകരിക്കാന്‍ വേണ്ടി എഡിറ്റിങ്, ഭാഷാ സംശോധനം നടത്തി സമയം വ്യയം ചെയ്ത അദ്ദേഹം ആ സമയം സ്വന്തം കൃതികള്‍ രചിക്കുന്നതിന് ഉപയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ സാഹിത്യസംഭാവനകള്‍ ലഭ്യമാകുമായിരുന്നു എന്നു തീര്‍ച്ച.
പത്ര പ്രവർത്തകൻ, എറണാകുളം ജില്ലാ കോടതിയിൽ ക്ലാര്‍ക്ക് എന്നി നിലകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് 1980 ൽ എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജിൽ മലയാളം അധ്യാപകനാവുന്നത് 24 വർഷത്തിനുശേഷം വിരമിക്കുമ്പോൾ വകുപ്പ് മേധാവിയായിരുന്നു. ആലുവ തൊട്ടുംമുഖം എസ് എച്ച്, കാർമൽ ഗിരി, മംഗലപ്പുഴ എന്നീ സെമിനാരികളിൽ ദീർഘകാലം മലയാളം വിസിറ്റിംഗ് പ്രൊഫസ്സറും ആയിരുന്നു. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായിരുന്നിട്ടുണ്ട്.
വിന്‍സെന്‍റ് ഡി പോള്‍ സഖ്യത്തിന്‍റെ ചുക്കാന്‍ പിടിച്ച് സേവനതത്പരനായി അദ്ദേഹം നല്കിയിട്ടുള്ള സംഭാവനകളും മറന്നുകൂടാ. സെൻറ് വിൻസെന്റ് പോൾ സൊസൈറ്റി വരാപ്പുഴ അതിരൂപത പ്രസിഡണ്ടായിരുന്ന അദ്ദേഹം ഇപ്പോൾ അഡ്വൈസർ സൊസൈറ്റിയുടെ മാസിക “വിൻഫോർമേഷൻ” ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സ്ഥാപകൻ ഫെഡറിക് ഓസാനമിന്റെ നൊവേനയും ഗാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വരാപ്പുഴ അതിരൂപതാ കാത്തലിക് യൂത്ത് മൂവ്മെന്റ് കല സാഹിത്യ ഫോറം കൺവീനർ (1982-84) ആയിരുന്നു.
കൊച്ചി പനങ്ങാട് സ്വദേശി. 1949 ജൂണ്‍ 9 ന് ജനനം. പിതാവ് പെരിഞ്ചേരി പാപ്പു, മാതാവ് അന്നമ്മ. പനങ്ങാട് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തേവര എസ് എച്ച് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും പിന്നീട് ബിരുദാനന്ത ബിരുദവും. കാട്ടുനിലത്ത് തങ്കമ്മയെ ജീവിതസഖിയായി സ്വീകരിച്ചു. മൂന്നു മക്കൾ, പ്രീത ശ്യാം (അദ്ധ്യാപിക), ദീപ പ്രസിൻ (ഹോമിയോ ഡോക്ടർ), ഉണ്ണി പ്രിമൂസ് (ഡെപ്യൂട്ടി മാനേജർ, പിന്നാക്കിൾ മോട്ടോഴ്‌സ്)