1934 ഡിസംബർ 1 | 2012 നവംബർ 30

ലത്തീൻ സമുദായത്തെ കേരളത്തിൽ ഒരു സംഘാതശക്തിയാക്കണം എന്ന ചിന്ത രൂപപ്പെടുന്നതിനു മുൻപേ ആലപ്പുഴ രൂപതയിലെ ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ സംഘാടനത്തിനും ശക്തികരണത്തിനും മുന്നിട്ടിറങ്ങിയ സമുദായ നേതാക്കന്മാരെ നേതാക്കന്മാരിൽ പ്രമുഖനായിരുന്നു ഷെവലിയർ വി. സി. ആന്റണി. 1972 മാർച്ച് 26 ന് എറണാകുളത്ത് സെൻറ് ആൽബർട്ട്സ് കോളേജ് ഓഡിറ്റോറിയത്തിൽ ലത്തീൻ രൂപതകളിലെ അൽമായ പ്രതിനിധികളുടെ യോഗം ചേർന്നാണ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന് (കെഎൽസിഎ) രൂപം നൽകുന്നത് .

അഞ്ചര പതിറ്റാണ്ടിനുമേൽ നീണ്ട പൊതുപ്രവർത്തന ജീവിതത്തിൽ  ആലപ്പുഴ രൂപത കാത്തലിക് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി നീണ്ട പത്തു വർഷം (1977- 87) പ്രവർത്തിച്ച വി. സി. ആന്റണി, കെഎൽസിഎ സംസ്ഥാന സമിതിയുടെ ജോയിൻ്റ് സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. തുടർന്ന് 2002- 2004 കാലയളവിൽ സംസ്ഥാന പ്രസിഡണ്ടായി സേവനം ചെയ്തു. മണ്ഡൽ കമ്മീഷൻ നടപ്പാക്കൽ,  സംവരണ ശതമാനം നിലനിർത്തൽ,  ക്രീമിലെയർ ഒഴിവാക്കൽ,  ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കൽ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി സമരങ്ങൾക്ക് വി.സി. ആൻറണി എന്ന ആൻ്റണി മാഷ് നേതൃത്വം നൽകി. കെഎൽസിഎ യുടെ ചരിത്രത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ 10 ദിവസം നീണ്ടുനിന്ന സമരത്തിനും അദ്ദേഹം നേതൃത്വം നൽകി. ഈ സമരം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലത്തീൻ കത്തോലിക്കരുടെ സാമുദായിക ശക്തി വെളിപ്പെടുത്തി കൊടുക്കാൻ കാരണമായി എന്ന്  കരുതപ്പെടുന്നു.

കെആർഎൽസിസി യുടെ ട്രഷററായി പ്രവർത്തിച്ചിട്ടുള്ള വി. സി.ആന്റണി, 1984 ൽ കെഎൽസിഎ നടത്തിയ സംസ്ഥാന വാഹനജാഥയുടെയും, 2001 ൽ രൂപീകരിച്ച രാഷ്ട്രീയ ഉന്നത അധികാര സമിതിയുടെയും കൺവീനർ ആയിരുന്നു. 1986 -88 കാലഘട്ടത്തിൽ കാത്തലിക് യൂണിയൻ ഓഫ് ഇന്ത്യയുടെ കേരള റീജിയണൽ സെക്രട്ടറിയായി പ്രവർത്തിച്ച വി.സി ആൻറണി, 2008- 10 കാലഘട്ടത്തിൽ കേരള കാത്തലിക് ഫെഡറേഷൻ (കെ സി എഫ് ) -ൻ്റെ പ്രസിഡന്റായിരുന്നു.

ആലപ്പുഴയിൽ ശക്തമായി പ്രവർത്തിച്ചിരുന്ന കേരള ഫിഷർമെൻസ് യൂണിയന്റെ പ്രവർത്തനങ്ങളിലൂടെയാണ് 1956 -ൽ വി.സി. ആന്റണി തന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ഫാ. ജോൺ കാക്കരി (കൊല്ലം) പ്രസിഡന്റ് , ശ്രീ കെ സി ഈപ്പൻ ജനറൽ സെക്രട്ടറിയും, വി.സി. ആൻറണി ജോയിൻറ് സെക്രട്ടറിയും ആയിരുന്നു സംഘടനയുടെ സ്ഥാപക ഭാരവാഹികൾ. അക്കാലത്ത് മത്സ്യ തൊഴിലാളികൾക്ക് സർക്കാർ തലത്തിൽ നിന്നുള്ള ആനുകൂല്യം കേവലം 12 രൂപ മാത്രമായിരുന്നു. ഈ അവസരത്തിൽ സംഘടനയുടെ ശക്തമായ ഇടപെടലും പ്രവർത്തനവും കൊണ്ട്, മത്സ്യത്തൊഴിലാളികൾക്ക് ഭവനം നിർമ്മാണ സഹായം /വായ്പ, മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങൾക്ക് വിവിധ സഹായങ്ങൾ, വിദ്യാഭ്യാസ ഇൻഷുറൻസ് /പദ്ധതി, ഓഫ് സീസൺ പ്രഖ്യാപിക്കൽ തുടങ്ങി നിരവധി ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതും 1956 ആരംഭിച്ച ഈ സംഘടനയാണ്.

 ചില സാഹചര്യങ്ങൾ പ്രതികൂലമായി ഭവിച്ചപ്പോൾ കേരള ഫിഷർമെൻസ് യൂണിയന്റെ പ്രവർത്തനം ഏതാണ്ട് നിലച്ചു. ഈ അവസരത്തിൽ സംസ്ഥാനത്തിന്റെ തീരദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന വിവിധ മത്സ്യ തൊഴിലാളി യൂണിയനുകൾ ഏകോപിപ്പിച്ച് 1972-ൽ ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളി ഫെഡറേഷന് രൂപം കൊടുത്തു. പ്രഥമ പ്രസിഡൻറ് ഫാ. പോൾ അറക്കലും, വി.സി. ആന്റണി, കല്ലട ലോറൻസ് എന്നിവർ ജനറൽ സെക്രട്ടറിമാരും ആയിരുന്നു. അക്കാലത്ത് മത്സ്യത്തൊഴിലാളികളുടെ നിരവധി സമരങ്ങളിലൂടെ കേരള ഫിഷർമെൻ യൂണിയൻ മുന്നേറുകയുണ്ടായി. തുടർന്ന് കേരള ഫിഷർമെൻസ് യൂണിയൻ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ എന്ന നാമധേയത്തിൽ അറിയപ്പെടുകയും, ചരിത്രപ്രസിദ്ധമായ 1984ലെ മത്സ്യത്തൊഴിലാളി സമരത്തിന് നെടുനായകത്വം വഹിക്കുകയും ഉണ്ടായി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നടത്തിയ സമരങ്ങളുടെ ഫലമാണ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലംപ്സം ഗ്രാൻഡ് , ഭവന നിർമ്മാണ /വായ്പ പദ്ധതികൾ, മത്സ്യത്തൊഴിലാളി വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹസഹായം, ജൂൺ – ജൂലൈ മാസങ്ങളിൽ ട്രോളിംഗ് നിരോധനം, കടൽഭിത്തി നിർമ്മാണം തുടങ്ങി  വിവിധ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചു.

 സുനാമി ദുരന്ത നിവാരണത്തിനായി കേന്ദ്രസർക്കാർ കൊടുത്ത ദുരിതാശ്വാസ തുക വകമാറ്റി ചെലവഴിച്ചപ്പോൾ, അതിനെതിരെ നടത്തിയ സമരത്തിന് മുന്നിൽ നിന്നത് വി.സി. ആന്റണിയും, ഒപ്പം കത്തോലിക്ക മത്സ്യ തൊഴിലാളി യൂണിയനും, കോസ്റ്റൽ ഡെവലപ്മെൻറ് ആക്ഷൻ കൗൺസിലുമാണ്.  46 ദിവസമാണ് അവകാശത്തിനു വേണ്ടിയുള്ള ആ സമരം നീണ്ടുനിന്നത്.

1985 മുതൽ നാലു വർഷക്കാലം ആലപ്പുഴ എയ്ഡഡ് സ്കൂൾ അധ്യാപക- അനധ്യാപകരുടെ സഹകരണ ബാങ്കിന്റെ ഓണററി സെക്രട്ടറിയായി പ്രവർത്തിക്കുകയും, ദീർഘനാൾ ആ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായും തുടർന്നു. ഈ കാലയളവിൽ സംഘത്തിന് സ്വന്തമായി ഒരു ഓഫീസ് ഉണ്ടാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. ആലപ്പുഴ മൗണ്ട് കാർമൽ ഭദ്രാസന പള്ളിയുടെ പുനനിർമ്മിതിക്കായുള്ള സമിതിയുടെ ജനറൽ സെക്രട്ടറിയായി വി.സി. ആന്റണിയെയാണ് രൂപത അധ്യക്ഷൻ ബിഷപ്പ് പീറ്റർ ചേനപ്പറമ്പിൽ പിതാവ് ഉത്തരവാദിത്വം ഏൽപ്പിച്ചത്.

കേരളത്തിലെ സർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളിൽ, വിദ്യാർത്ഥി സമരം കൊടികുത്തി വാണിരുന്ന 1970 മുതലുള്ള നാളുകളിൽ അധ്യാപക രക്ഷാകതൃ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച്, ആലപ്പുഴയിൽ വിദ്യാലയ പരിപോഷക സമിതി ഉണ്ടാക്കി. രണ്ടു പതിറ്റാണ്ടുകാലം സമിതിയുടെ ജനറൽ സെക്രട്ടറിയായി സേവനം ചെയ്തു. ഈ സമിതി  സംസ്ഥാനതലത്തിൽ സമാന ആശയമുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയും, കേരളത്തിൽ ആദ്യമായി വിദ്യാലയങ്ങളിൽ കക്ഷി രാഷ്ട്രീയം നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, സെമിനാറുകൾ, ചർച്ച ക്ലാസുകൾ, തുടങ്ങിയവ നടത്തി പൊതുജനത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ആലപ്പുഴ രൂപതാ അധ്യക്ഷൻ പീറ്റർ ചേനപ്പറമ്പിൽ പിതാവ് ആയിരുന്നു വിദ്യാലയ രാഷ്ട്രീയത്തിനെതിരെ  ആലപ്പുഴയിൽ തുടക്കം കുറിച്ച വിദ്യാലയ പരിപോഷക സമിതിയുടെ സ്ഥാപകൻ.

കിഴക്കിന്റെ വെനീസ് എന്നായിരുന്നു ആലപ്പുഴ അറിയപ്പെട്ടിരുന്നതെങ്കിലും, പട്ടണത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് യാത്രാസൗകര്യം തീരെ കുറവായിരുന്നു. ഇതിനു പ്രതിബന്ധമായി നിന്നിരുന്ന വട്ടയാൽ ചർച്ച് റോഡ് പുനർ നിർമ്മാണം നടത്തി സഞ്ചാരയോഗ്യമാക്കുകയായിരുന്നു പ്രഥമിക പരിഹാരം. ഈ വഴിപ്രശ്നത്തിന്റെ പരിഹാരത്തിനായി രൂപീകരിച്ച, ട്രാവലേഴ്സ് ഫോറത്തിന്റെ ചെയർമാൻ, റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ വി.സി. ആൻറണി നേതൃത്വം നൽകി. ഇതുവഴി ബസ് സർവീസ് ആരംഭിക്കാനും, നാലു മുൻസിപ്പൽ വാർഡുകളെയും, പുന്നപ്ര തെക്ക് പഞ്ചായത്തിനെയും ബന്ധപ്പെടാൻ പൊതു സമൂഹത്തിന് വഴിയൊരുക്കി.

വാജ്യ വാറ്റിനും, അനധികൃത മദ്യ വില്പനയ്ക്കും, മറ്റു ലഹരി ഉപയോഗങ്ങൾക്കുമെതിരെ അക്ഷീണം പോരാടുകയും, ബോധവൽക്കരണവും മറ്റു സന്ദേശങ്ങളും നൽകുകയും ചെയ്ത വി.സി. ആൻറണി, തീരദേശ സംസ്കൃതിയുടെ പാരമ്പര്യം പേറുന്ന ചവിട്ടുനാടകം, പരിച മുട്ടുകളി തുടങ്ങിയ കലാരൂപങ്ങൾ അന്യം നിന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ, കലാകാരന്മാരെ ഒരുക്കുകയും പ്രോത്സാഹനം കൊടുക്കുകയും വേദികളിൽ അവതരിപ്പിക്കാൻ അവസരങ്ങൾ ഒരുക്കുകയും ചെയ്തു. ലിയോ തേർട്ടീൻത്ത് സ്കൂളിന്റെ സെന്റിനറി സെലിബ്രേഷൻ കമ്മറ്റി സെക്രട്ടറി, ബിഷപ്പ് പീറ്റർ ചേനപ്പറമ്പിൽ സ്ഥാനാരോഹണ കമ്മറ്റി സെക്രട്ടറി, ആലപ്പി ടൗൺ ഡവലപ്പ്മെൻറ് ഫോറം സെക്രട്ടറി, വട്ടയാൽ സെൻറ് മേരീസ് ഹൈസ്കൂളിന്റെ പിടിഎ യുടെ സ്ഥാപക പ്രസിഡൻറ്, സെൻ്റ് മൈക്കിൾസ് കോളേജിൻ്റെ ഗവേണിങ്ങ് ബോഡി മെമ്പർ തുടങ്ങി സമുദായിക സാമൂഹ്യ സംസ്കാരിക മേഖലകളിൽ തന്റെ സാന്നിധ്യം കുറിച്ചിട്ട വ്യക്തിത്വമായിരുന്നു ഷെവ. വി.സി. ആന്റണിയുടെത്.

രാഷ്ട്രീയ ജീവിതത്തിൽ, കേരള കോൺഗ്രസിന്റെ ഉത്ഭവത്തിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു വി.സി. ആന്റണി. തുടർന്ന് കേരള കോൺഗ്രസിൽ വിവിധ ഭാരവാഹിത്വങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം തുടർന്നു. 1984 ൽ ലത്തീൻ കത്തോലിക്ക സമുദായം ഇന്ത്യൻ ലേബർ കോൺഗ്രസ് (ILC) രൂപീകരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച വി.സി. ആൻറണി, തുടർന്നു വന്ന (DLP) ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ നേതൃത്വത്തിലും മുൻനിരയിൽ ഉണ്ടായിരുന്നു.

നേത്ര രോഗ ചികിത്സ കുടുംബമായ വട്ടയാൽ വട്ടത്തിൽ കുടുംബത്തിലാണ് വി.സി. ആന്റണിയുടെ ജനനം. സിറിൽ – ക്ലാര ദമ്പതികളുടെ മൂത്ത മകനായി 1934 ഡിസംബർ ഒന്നിനാണ് വി.സി ആൻറണിയുടെ ജനനം. സെൻ്റ് മേരീസ് പ്രൈമറി സ്കൂൾ, ലിയോ തേർട്ടീൻത്ത് ഹൈസ്കൂൾ, എന്നീ വിദ്യാലയങ്ങളിൽ പഠനം. അർത്തുങ്കൽ ഹൈസ്കൂളിൽ അധ്യാപന ജോലി ആരംഭിച്ചു. തുടർന്ന് ആലപ്പുഴ ലീയോ തേർട്ടീൻത്ത് ഹൈസ്കൂളിൽ  അധ്യാപകനായി 30 വർഷം സേവനം. 1990 മാർച്ച് 31ന് ജോലിയിൽ നിന്നും വിരമിച്ചു.

 ആലപ്പുഴ ചെറിയപറമ്പ് കുടുംബാംഗം ലൈസാമ്മയാണ് ഭാര്യ. മക്കൾ :മിനി ആൻറണി (IAS) ജോസ് ആന്റണി (അധ്യാപകൻ) ബെന്നി ആന്റണി (റവന്യൂ വകുപ്പ് ) മരുമക്കൾ:- എഡ്വേർഡ് ജോർജ് (എൻജിനീയർ), ടീന ജോസ് (അധ്യാപിക) ജോളി ഡെന്നി (അധ്യാപിക)

ലത്തീൻ സമുദായത്തിന്റെ മുഖ്യ ധാരയിൽ നിന്ന് കൊണ്ട് സാമൂഹ്യ രാഷ്ട്രീയ സംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യം ആയിരുന്ന ഷെവലിയർ വി.സി. ആൻ്റെണി 78-ാമത്തെ വയസ്സിൽ 2012 നവംബർ 30ന്  ഈ ലോകത്തുനിന്ന് വിട പറഞ്ഞ് നിത്യ സമ്മാനത്തിനായി യാത്രയായി.