കേരളത്തിലെ പ്രമുഖ നേത്രരോഗ ചികിത്സാ വിദഗ്ദ്ധനാണ് ഡോ. ടോണി ഫെർണാണ്ടസ്. ജീവിതം സമൂഹനിര്‍മിതിക്കുവേണ്ടി ഉഴിഞ്ഞുവച്ച ഷെവലിയര്‍ പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് നേത്രരോഗവിദഗ്ധനായാണ് കൂടുതലായി സേവനം കാഴ്ചവച്ചിട്ടുള്ളത്. സൗജന്യ നേത്രചികിത്സാക്യാമ്പുകള്‍ സംഘടിപ്പിച്ച് സമൂഹത്തിലെ താഴേക്കിടയിലുള്ള മനുഷ്യരെ സഹായിക്കുന്നതില്‍ ബദ്ധശ്രദ്ധനായി ഈ ഭിഷഗ്വരന്‍. കാഴ്ചശക്തിക്കു പര്യായമായിത്തീര്‍ന്നിരിക്കുന്നു ടോണി ഫെര്‍ണാണ്ടസ് എന്ന നാമംതന്നെ. ഭാരതത്തിലെയും അറേബ്യന്‍ രാജ്യങ്ങളിലെയും നേത്രരോഗികള്‍ക്കു ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു അദ്ദേഹം.
ഇംഗ്ലണ്ടിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം 1965 ൽ മധുര മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലി നോക്കി. തുടർന്ന് 1969 ൽ കേരളത്തിലേയ്ക്കു മടങ്ങിയ ടോണി അങ്കമാലിയിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നേത്രശസ്ത്രക്രിയാ വിദഗ്ദ്ധനായി ദീർഘകാല സേവനം അനുഷ്ഠിയ്ക്കുകയുണ്ടായി. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയെ നേത്രരോഗ ചികിത്സാകേന്ദ്രമായി ഇന്ത്യയിലെങ്ങും ഉയര്‍ത്തിക്കാണിക്കാന്‍ സാധിച്ചത് ഡോ. ടോണി ഫെര്‍ണാണ്ടസിന്റെ വ്യക്തിപ്രാഭവം മൂലമാണ്. 1971 ൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നേത്രബാങ്കിനു തുടക്കമിട്ടതും,1976 ൽ സ്ക്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് നേത്രരക്ഷാ പദ്ധതി ആരംഭിച്ചതും ഡോക്ടർ ടോണി ഫെർണാണ്ടസ് ആണ് . ഏകദേശം ഒന്നരലക്ഷത്തോളം നേത്രശസ്ത്രക്രിയകൾക്കു അദ്ദേഹം നേതൃത്വം നൽകുകയുണ്ടായി.
എം.ജി.സര്‍വകലാശാലയിലെ മെഡിക്കല്‍ ഫാക്കല്‍റ്റി അംഗമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കൂടാതെ ആള്‍ ഇന്ത്യ ഒപ്താല്മിക് സൊസൈറ്റിയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും അംഗമായും ശ്രദ്ധ നേടി.
സമൂഹനിര്‍മിതിക്ക് വിലപ്പെട്ട സംഭാവന നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒട്ടേറെ സാമുഹികപ്രവർത്തനങ്ങളിലും ഫെർണാണ്ടസ് സജീവമായി ഇടപെട്ടുവരുന്നുണ്ട്. 2008 ൽ പദ്മശ്രീ പുരസ്ക്കാരം, ബി.സി. റോയ് പുരസ്ക്കാരം, ഇന്ത്യൻ ഒഫ്താൽമിക് സൊസൈറ്റിയുടെ ലൈഫ് ടൈം അവാർഡ് അദ്ദേഹത്തെ തേടിയെത്തി.
ഷെവലിയര്‍ സ്ഥാനവും കെ.സി.ബി.സി.അവാര്‍ഡുമെല്ലാം അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളാണ്. സമൂഹനിര്‍മിതിക്കുവേണ്ടി സേവനമര്‍പ്പിച്ച ഡോ.ടോണി എസ്. ഫെര്‍ണാണ്ടസ് കെ.ആര്‍.എല്‍.സി.സി. സമൂഹനിര്‍മിതി അവാര്‍ഡിനും അര്‍ഹനായി.