ജനജീവിതം സമഗ്രസൂക്ഷ്മതയോടെ ഒപ്പിയെടുക്കാനും വ്യക്തികളുടെ ആന്തരികചലനങ്ങളും ആത്മവ്യാപാരങ്ങളും അതീവ ചാരുവായ ആഖ്യാനതന്ത്രങ്ങളുടെ പിന്‍ബലത്തില്‍ സംവദിക്കാനും കെല്പും ത്രാണിയും പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് കോട്ടപ്പുറം രൂപതാംഗവും പള്ളിപ്പുറം സ്വദേശിയുമായ ശ്രീ ജോസഫ് പനയ്ക്കല്‍ മാസ്റ്റര്‍.
നോവലുകളും കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും കാവ്യസുരഭിയായ ശൈലിയില്‍ ആവിഷ്കരിക്കാന്‍ നിസ്തുല വൈഭവമുള്ള ശ്രീ പനയ്ക്കലിനെത്തേടി കുടുംബദീപം അവാര്‍ഡ്, കുങ്കുമം അവാര്‍ഡ്, എസ്.ബി.ടി. അവാര്‍ഡ്, കെ.സി.ബി.സി സാഹിത്യ അവാര്‍ഡ്, കെആര്‍എല്‍സിസി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, ദർശന സാഹിത്യ അവാർഡ്, കെസിവൈഎം അവാർഡ്, മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാര്‍ഡ് എന്നിവ എത്തിയിട്ടുണ്ട്.
കുറച്ചുകാലം അമേരിക്കയിലായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഐക്യനാടുകളുടെ സംസ്കാരവും പാരമ്പര്യവും സൂക്ഷ്മദര്‍ശിനിയിലൂടെ വീക്ഷിക്കുംപോലെ എഴുതിയ യാത്രാവിവരണം (അമേരിക്കൻ യാത്ര – കാഴ്ചകൾ, അനുഭവങ്ങൾ) മികവുകൊണ്ട് ഒറ്റപ്പെട്ടു നില്ക്കുന്നു. നാഷണല്‍ ബുക്സ്റ്റാള്‍ ആവശ്യപ്പെട്ടപ്രകാരം തയ്യാറാക്കിയ കുറ്റിപ്പുഴ കൃഷ്ണപിള്ള- വിചാര വിപ്ലവത്തിന്റെ ദീപശിഖ, വിശുദ്ധ ചാവറയച്ചന്‍- മുൻപേ പറന്ന നവോത്ഥാന നായകൻ, ബിഷപ്പ് ജേക്കബ് അച്ചാരുപറമ്പിൽ തുടങ്ങിയ ജീവചരിത്ര കൃതികളും വ്യാപകമായി വായിക്കപ്പെട്ടു. കൃഷ്ണപ്പരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്ക്കുന്നവര്‍, കടല്‍കാക്കകള്‍, മുറിവുകള്‍, സ്വപ്നങ്ങള്‍, നേടുന്നവര്‍ നഷ്ടപ്പെടുന്നവര്‍, ഉപ്പുകാറ്റ് (നോവലുകള്‍), ഒഴിഞ്ഞു പോകാത്ത പൂച്ച, ഗുല്‍ഗുല്‍, ഉള്‍മുറിവുകള്‍, പക്ഷിക്കുഞ്ഞുങ്ങള്‍ (കഥാസമാഹാരങ്ങള്‍), നീലപ്പക്ഷിയുടെ പാട്ട്, ഇണ്ടനും ഇണ്ടിയും, മാണിക്കന്‍, അഴകിക്കുറുനരി, നിഴലുകളുടെ ഭൂമി, മുത്തശ്ശിയില്ലാത്ത വീട്, മലമുകളിലെ പക്ഷി (ബാലസാഹിത്യം) എന്നിവയാണ് കൃതികൾ. ശ്രീ പനയ്ക്കലിന്‍റെ നോവലുകള്‍ വായനക്കാരന്‍റെ ഹൃദയത്തിലേക്ക് നേരേ നടന്നു കയറുന്നവയത്രേ. ആത്മകഥാംശം ഏറിനില്ക്കുന്ന ‘കൃഷ്ണപ്പരുന്തിന്‍റെ വിലാപം’ അതില്‍ ഏറെ ശ്രദ്ധേയമാണ്. ‘കല്ലുടയ്ക്കുന്നവര്‍’ എന്നതാകട്ടെ, അധ്വാനിക്കുന്ന പച്ച മനുഷ്യന്‍റെ ദയാര്‍ഹമായ ജീവിതം അനാവരണം ചെയ്യുന്നു. സാംസ്കാരിക പ്രവര്‍ത്തകന്‍, കെ.എല്‍.സി.എ. കോട്ടപ്പുറം രൂപതാ പ്രസിഡന്റ് സംസ്ഥാന മാനേജിങ് കൗൺസിൽ അംഗം എന്നീ തലങ്ങളിലൊക്കെ സംഘടനാ മികവും നേതൃപാടവവും പതിച്ച വ്യക്തിത്വമാണ് ശ്രീ ജോസഫ് പനയ്ക്കലിന്‍റേത്. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നിർവാഹക സമിതി അംഗം, ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകസമിതി അംഗം, പണ്ഡിറ്റ് കറുപ്പൻ സ്മാരക സമിതി അംഗം, എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. കേരള ടൈംസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സർഗ്ഗവേദിയുടെ കൺവീനർ ആയിരുന്നു പനക്കൽ സർ.
1945-ല്‍ എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയിലെ പള്ളിപ്പുറത്ത് ജനനം. ഡൊമിനിക്കും അന്നയുമാണ് മാതാപിതാക്കള്‍. ഭാര്യ: ഷെര്‍ളി. മക്കള്‍: സംഗീത ബിജു , സംദീപ അജിത്, ശ്രീജിത്ത് ജോസഫ് , സലില്‍ ജോസഫ്. ചിത്രകലാധ്യാപകനായി ഔദ്യോഗിക ജീവിതം. 2001-ല്‍ പള്ളിപ്പുറം എസ്.എസ്. എ. യു.പി. സ്‌കൂളില്‍ നിന്നു റിട്ടയര്‍ ചെയ്തു.
വിലാസം: പള്ളിപ്പോര്‍ട്ട് പി.ഒ., 683 515