1933 ഡിസംബർ 10 | 2009 ജൂലൈ 30
ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ക്ഷേമവും വികാസവും ലക്ഷ്യമാക്കി വിവിധ മേഖലകളിൽ കർമ്മനിരതനായിരുന്ന ഉജ്ജ്വല വ്യക്തിത്വമായിരുന്നു ജോസ് തോമസ് കാനപ്പിള്ളി. വരാപ്പുഴ അതിരൂപതയുടെ അല്മായ നേതൃത്വത്തിൽ തിളങ്ങി നിന്ന നേതാവായിരുന്നു അദ്ദേഹം.
കെഎൽസിഎ വരാപ്പുഴ അതിരൂപത ഫിനാൻസ് കമ്മിറ്റി ചെയർമാൻ, വൈസ് പ്രസിഡണ്ട്, പ്രസിഡന്റ് , സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലും ഏറെ സജീവമായിരുന്നു അദ്ദേഹം. അതിരൂപത കൗൺസിലിന്റെ പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ ചെയർമാൻ, ദേശീയ വൈസ് പ്രസിഡന്റ്, നിയമാവലി പരിഷ്കരണ കമ്മിറ്റി അംഗം സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സ്ഥാപകൻ ഫെഡറിക് ഒസനാമിന്റെ ജീവചരിത്രം ഇന്ത്യൻ ഭാഷകളിൽ ആദ്യമായി പുറത്തിറിക്കിയതിന്റെ മുഖ്യനിർവ്വാഹകൻ എന്നീ ചുമതലകൾ വഹിച്ചു.
ദേശീയ കത്തോലിക്ക മെത്രാൻ സമിതിയുടെ ദേശീയ ഉപദേശക സമിതി അംഗമായും കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരള ഘടകം ട്രഷററായും എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായും സേവനം ചെയ്ത ജോസ് തോമസ് കാനപ്പിള്ളി കേരള ടൈംസ് ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായും ജനസഹായം കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമായും സേവനം ചെയ്തിരുന്നു.
വരാപ്പുഴ അതിരൂപതയുടെ ശതാബ്ദി ഉൾപ്പെടെ അക്കാലത്ത് അതിരൂപതയിൽ നടന്ന പരിപാടികളുടെയെല്ലാം പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. കൂനമ്മാവിലെ സോഷ്യൽ സർവീസ് ലീഗ്, ചാവറ കുര്യാക്കോസ് ഏലിയാസ് ഗിൽഡ് എന്നിവയുടെ സ്ഥാപക പ്രസിഡന്റായിരുന്നു.
1950 മാർച്ച് 28 നു സമാരംഭിച്ചു അടുത്ത ഒൻപതു വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കിയ അർച്ചബിഷപ്പ് അട്ടിപ്പേറ്റിയുടെ ഇതിഹാസകല്പമായ ഭവനസന്ദർശന ശുശ്രുഷയുടെ കൂനമ്മാവ് മേഖലയിൽ മുഴുവൻ സമയ ശുശ്രുഷകനായി പിതാവിനോടൊപ്പമുണ്ടായിരുന്നു ജോസ് തോമസ് കാനപ്പിള്ളി. ദൈവദാസി മദർ ഏലീശ്വാമ്മയുടെ മഹിത ജീവിതം ചിത്രീകരിക്കുന്ന “കെടാവിളക്ക് ” എന്ന ഡോക്യൂഫിക്ഷന്റെ മുഖ്യ സംഘടകൻ ജോസ് കാനപ്പിള്ളി ആയിരുന്നു. വിമോചന സമരകാലത്ത് പ്രാദേശിക നേതൃത്വം വഹിച്ച ജോസ് തോമസ് വുവസായത്തിലും കൃഷിയിലും ഒരേ പോലെ പ്രവർത്തിച്ച് വിജയം നേടി. കൂനമ്മാവ് കർഷക സംഘം പ്രസിഡന്റായും എറണാകുളം ജില്ലാ പാസഞ്ചർ ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു.
1933 ഡിസംബർ 10 ന് കൂനമ്മാവിൽ കാനപ്പിള്ളി മാത്യു തോമസിന്റെയും മേരിയുടെയും മകനായി ജനനം. എറണാകുളം സെന്റ് ആൽബർട്ട്സ് കോളെജ്, മദ്രാസ് ലെയോള കോളെജ് എന്നിവിടങ്ങളിൽ നിന്നും ധനതത്വശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദം കരസ്ഥമാക്കി. മദ്രാസ് ലോ കോളെജിൽ നിയമ പഠനത്തിനായി ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല.
ജൂലിയറ്റ് ജയ ഭാര്യ. തോമസ്, ജോർജ് , മാത്യു, മനോജ്, ആഷ എന്നിവരാണ് മക്കൾ.
2009 ജൂലൈ 30 ന് നിര്യാതനായി.