സംഗീതത്തില്‍ അതുല്യപ്രതിഭനായ ജെറി അമല്‍ദേവ് ഹിന്ദുസ്ഥാനി സംഗീതത്തിലെന്നപോലെ വിശ്വസംഗീതത്തിലും അപാരജ്ഞാനം പുലര്‍ത്തുന്ന കലോപാസകനാണ്. ദൈവം നല്കിയ താലന്ത് അതിന്‍റെ പൂര്‍ണതയില്‍ വിനിയോഗിക്കാന്‍ ശ്രമിച്ച അദ്ദേഹം നിരന്തരം യത്നത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി. മികച്ച സംഗീതസംവിധായകനായി പ്രശസ്തിനേടിയ ജെറി അമല്‍ദേവ് മൂന്നു പ്രാവശ്യം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹനായി. എഴുപതു ചിത്രങ്ങളിലായി മുന്നൂറിലേറെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നനല്കി. ഓരോ ഗാനവും ആസ്വാദകമനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. ലളിതവും സുന്ദരവുമായ ശ്രുതിലയങ്ങളിലൂടെ ആസ്വാദകചേതസ്സു കീഴടക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.
മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധായകനായി 1980-ല്‍ രംഗപ്രവേശം ചെയ്തത്. ആ ചിത്രത്തിലെ സംഗീതത്തിനുതന്നെ അദ്ദേഹത്തിന് സംസ്ഥാ അവാര്‍ഡുലഭിച്ചു. മഞ്ഞണിക്കൊമ്പില്‍, മിഴിയോരം തുടങ്ങിയ ഓരോ ഗാനവും ആസ്വാദകാധരങ്ങളില്‍ തത്തിക്കളിച്ചു. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായ,് ആസ്വാദനത്തിന്‍റെ പുതിയ മേഖല തെളിച്ചുകാട്ടി. എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, എന്നെന്നും കണ്ണേട്ടന്‍റെ, ഗുരുജീ ഒരു വാക്ക്, ധന്യ തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച ഗാനങ്ങള്‍ ജെറി അമല്‍ദേവിന്‍റെ പ്രതിഭയില്‍ വിരിഞ്ഞ സംഗീതപുഷ്പങ്ങളാണ്.
1939 ഏപ്രില്‍ 15-ന് കൊച്ചിയില്‍ ജനിച്ച അദ്ദേഹം പ്രശസ്ത സംഗീതസംവിധായകനായ നൗഷാദിന്‍റെ ശിഷ്യനായി ബോംബെയില്‍ അരങ്ങേറ്റം കുറിച്ചു. അമേരിക്കയില്‍ സംഗീതത്തില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം അവിടെ സംഗീതാധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ചലച്ചിത്രരംഗത്തുമാത്രമല്ല, ബൈബിള്‍, ആധ്യാത്മിക, കരിസ്മാറ്റിക് മേഖലകളിലും ഈ സംഗീതസംവിധായകന്‍ മികവു പുലര്‍ത്തി. നിര്‍മലമായൊരു ഹൃദയമെന്നില്‍, ജീവിതാര്‍ച്ചനാ വേളയായിതാ, മനസ്സില്‍ നിറയും മലിനതയെല്ലാം, അഖിലകീര്‍ത്തനത്തിനും തുടങ്ങിയവ അവയില്‍ ചിലതുമാത്രം. ജീസസ് ഓഫ് നസ്രത്തിന്‍റെ തമിഴ്-മലയാളം പതിപ്പുകളില്‍ സംഗീതം കൈകാര്യം ചെയ്തത് ജെറി അമല്‍ദേവാണെന്നത് എടുത്തുപറയേണ്ടതാണ്.
ജീവിതം തന്നെ സംഗീതമാക്കി പകര്‍ത്തിയ സംഗീതോപസകന്‍ ജെറി അമല്‍ദേവിന് 2014-ലെ കെ.ആര്‍.എല്‍.സി.സി. കലാപ്രതിഭഅവാര്‍ഡ് സമ്മാനിച്ചിരുന്നു.