മലയാളത്തിലെ ബാലസാഹിത്യരചനയില്‍ സര്‍ഗസിദ്ധിയുടെ അപൂര്‍വചാരുത പ്രകടമാക്കിയ പ്രതിഭാധനനാണു സിപ്പി പള്ളിപ്പുറം. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കഥയിലും കവിതയിലും ലേഖനത്തിലും അനായാസമായ രചനാവൈഭവമാണ് അദ്ദേഹത്തിന്റേത്. അനുവാചകരെ പിടിച്ചിരുത്താനുള്ള ശൈലീവിലാസം അദ്ദേഹത്തിനു സ്വായത്തമാണ്. ആയിരക്കണക്കിനു രചനകളിലൂടെയും നിരവധി ബാലസാഹിത്യകൃതികളിലൂടെയും കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും വായനയുടെ ആകാശത്തേക്കു കൂട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. ജീവിതത്തിന്റെ ബാഹ്യതലം മാത്രമല്ല, ആഭ്യന്തരതലവും സ്പര്‍ശിക്കുന്ന രചനകളാണ് അദ്ദേഹത്തിന്റ കൃതികളില്‍ ഭൂരിഭാഗവും. ധാര്‍മികബോധത്തിനു മുന്‍തൂക്കം നല്കുകയാല് ഓരോ രചനയിലൂടെയും വായനക്കാരെ ഉന്നമിപ്പിക്കാനുള്ള പാടവം അദ്ദേഹത്തിനുണ്ടെന്നു വ്യക്തമാണ്. താളലയാനുബദ്ധമായ കാവ്യരചനകളിലൂടെ കുട്ടികളുടെ മനസ്സുകളെ അമ്മാനമാടാനുള്ള വിരുതും എടുത്തുപറയേണ്ടതാണ്.
കേന്ദ്രസാഹിത്യഅക്കാദമി ആദ്യമായി ബാലസാഹിത്യത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ അതിന് അര്‍ഹനായത് സിപ്പി പള്ളിപ്പുറമാണ്. കേരളസാഹിത്യ അക്കാദമി, ഭീമ, കെ.സി.ബി.സി., കുടുംബദീപം, കെആര്‍എല്‍സിസി തുടങ്ങി എത്രയോ അവാര്‍ഡുകള്‍ ഇതിനകം അദ്ദേഹത്തിനു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അധ്യാപകനെന്ന നിലയില്‍ ദേശീയഅവാര്‍ഡിന് അര്‍ഹനായ സിപ്പി പള്ളിപ്പുറം വിദ്യാര്‍ഥികളെ ഹൃദ്യമായി കവിതയും കഥയുമെല്ലാം ആസ്വദിപ്പിച്ച് സമയത്തിന് അതിരില്ലെന്നു വെളിപ്പെടുത്തി. ഇനിയും രചനയുടെ തലത്തില്‍ സര്‍ഗവൈഭവം നിലാവണിയിക്കുന്ന കാലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നു നിസ്സംശയം പറയാം.
വൈപ്പിന്കരയില് പള്ളിപ്പുറത്ത് 1940 -ലാണ് സിപ്പിയുടെ ജനനം. അധ്യാപകനായി ജീവിതവൃത്തി സ്വീകരിച്ച അദ്ദേഹം 130-ലേറെ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കോട്ടപ്പുറം രൂപതാംഗമായ സിപ്പി പള്ളിപ്പുറം, രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ അതീവം തത്പരനാണ്.