കേരള കത്തോലിക്ക സഭയുടെ മൂന്നു റീത്തുകളിലെയും യുവജനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 1978-ൽ രൂപംകൊണ്ട കേരള കാത്തലിക്ക് യൂത്ത് മൂവ്മെൻ്റിൻ്റെ (കെ.സി. വൈ. എം.) പ്രഥമ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ആൻ്റണി എം. അമ്പാട്ട് ആർക്കും തിരുത്താനാകാത്ത റെക്കോർഡിനുടമയാണ്.

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ സമുദായ നേതൃത്വത്തിൽ പ്രശോഭിച്ച് തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് അഡ്വ: ആൻറണി എം അമ്പാട്ട്. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി അമ്പാട്ട് എന്ന മൂന്ന് അക്ഷരം കേരള പൊതുസമൂഹത്തിന്റെ, വിശിഷ്യാ കേരളത്തിലെ ലത്തീൻ സമുദായത്തിൽ സുപരിചിതമാണ്. 2024 ആഗസ്റ്റ് ഒന്നിന് 80 വയസ്സ് തികഞ്ഞ ആൻറണി എം അമ്പാട്ട്, ലത്തീൻ സഭാ- സമുദായ പ്രവർത്തനങ്ങളിൽ പകരം വെക്കാൻ കഴിയാത്ത പേരിനുടമയായി നിലകൊള്ളുന്നു. 

1944 ഓഗസ്റ്റ് ഒന്നിന് ചേന്നൂരിൽ അമ്പാട്ട് മാത്തുണ്ണി മിഖേയൽ -അന്ന ദമ്പതികളുടെ ആറു മക്കളിൽ ഇളയവനായി ജനിച്ചു. ചേന്നൂർ എയ്ഞ്ചൽ മേരി എൽ. പി. എസ്., വരാപ്പുഴ സെൻ്റ്. ജോസഫ് കോൺവെൻറ് യു. പി. സ്കൂൾ, ചേരാനല്ലൂർ അൽ ഫറൂഖിയ ഹൈസ്കൂൾ, സെൻ്റ് ആൽബർട്ട്സ് കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. 1967-ൽ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ കളമശ്ശേരി എച്ച്. എം. ടി. കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച അമ്പാട്ടിനെ സമുദായ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഗാനരചയിതാവും എറണാകുളത്തെ കൊച്ചിൻ ആർട്ട്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ്റെ സ്ഥാപക ഡയറക്ടറുമായ മോൺ. മൈക്കിൾ പനക്കലച്ചൻ ആയിരുന്നു.

1965 ഡിസംബർ എട്ടിന് സമാപിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആശയങ്ങൾ കേരളത്തിൽ ചൂട് പിടിച്ചു വരുന്ന നാളുകളായിരുന്നു അത്. 1967 നവംബർ 27 നു കൂടിയ വരാപ്പുഴ അതിരൂപതാ കാത്തലിക് അസോസിയേഷന്റെ

രൂപീകരണ യോഗത്തിൽ ചേന്നൂർ ഇടവക പ്രതിനിധിയായി ശ്രീ ആൻറണി അമ്പാട്ട് പങ്കെടുത്തു. ഇത് അമ്പാട്ടിന്റെ സഭാ- സമുദായ പ്രവർത്തനങ്ങൾക്കായുള്ള ആദ്യത്തെ ഉറച്ച കാൽവയ്പ് ആയിരുന്നു. പിന്നീട് കേരളത്തിലെ ലത്തീൻ കത്തോലിക്കരുൾപ്പടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി, കർമ്മ ധീരതയുള്ള ഒരു ഉജ്ജ്വല പോരാളിയാകാനുള്ള ചുവട് വയ്പ്. അഞ്ചര പതിറ്റാണ്ട് ദൈർഘമേറിയ അമ്പാട്ടിന്റെ പൊതു ജീവിതത്തിനു അങ്ങിനെ തുടക്കം കുറിച്ചു.

വരാപ്പുഴ അതിരൂപതയിലെ പ്രഥമ യൂത്ത് ഡയറക്ടറായി ഭാഗ്യസ്മരണാർഹനായ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കേളന്തറ നിയമിച്ച ബഹു. ഫിർമുസച്ചനാണ് അമ്പാട്ടിൻ്റെ നേതൃത്വപാടവവും വിജ്ഞാനവൈപുല്യവും ആശയപരമായ തെളിമയും കൃത്യമായി തിരിച്ചറിഞ്ഞു തേച്ചുമിനുക്കി സമൂഹത്തിനു മുന്നിൽ സ്ഥാപിച്ചത്. അമ്പാട്ടിനെ കണ്ടുമുട്ടിയതു മുതലുള്ള കാര്യങ്ങൾ ഫിർമൂസച്ചൻ തൻ്റെ ഓർമ്മക്കുറിപ്പായ ‘ചിറകിൻ കീഴിൽ’ എന്ന കൃതിയിൽ സവിസ്തരം വിവരിക്കുന്നുണ്ട്.

വരാപ്പുഴ അതിരൂപതാ കാത്തലിക് അസ്സോസിയേഷൻ്റെ യുവജന വിഭാഗമായിട്ടാണ് കാത്തലിക്ക് യൂത്ത് മൂവ്മെൻ്റ് പ്രവർത്തനം ആരംഭിച്ചത്. 1974 സെപ്തംബർ 22 ന് രൂപീകരിക്കപ്പെട്ട യൂത്ത് കൗൺസിലിൻ്റെ പ്രഥമ ചെയർമാൻ അമ്പാട്ട് ആയിരുന്നു. 1977 മെയ് 1 നു സി. വൈ. എം. ൻ്റെ പ്രഥമ അതിരൂപതാ പ്രസിഡണ്ടായും അമ്പാട്ട് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തലത്തിൽ കെ.സി.വൈ.എം. രൂപീകരണവുമായി ബന്ധപ്പെട്ട് കെ.സി.ബി.സി.യുടെ നേതൃത്വത്തിൽ 1974 മുതൽ നടത്തപ്പെട്ട പ്രവർത്തനങ്ങളിൽ ഫിർമൂസച്ചനോടൊപ്പം അമ്പാട്ടും സജീവമായ നേതൃത്വം വഹിച്ചിരുന്നു. 1978 ഡിസംബർ 26, 27, 28 തിയതികളിൽ മാന്നാനം കെ. ഇ കോളേജിൽ വച്ചു നടന്ന കെ.സി.വൈ.എം.ൻ്റെ പ്രഥമസംസ്ഥാന സെനറ്റ് സമ്മേളനം സംഘടനയുടെ നിയമാവലി അംഗീകരിക്കുകയും പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ചരിത്രം രചിച്ചുകൊണ്ട് ആൻ്റണി അമ്പാട്ട് പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

1981 ഏപ്രിൽ 26 ആയിരുന്നു വരാപ്പുഴ അതിരൂപത സമുദായ സംഘടനയുടെ ജനറൽ സെക്രട്ടറിയായി അമ്പാട്ട് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് അദ്ദേഹം അതിരൂപതാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1972-ൽ കെ. എൽ.സി.എ. സംസ്ഥാന തലത്തിൽ പ്രവർത്തനം സമാരംഭിച്ച കാലം മുതൽ അദ്ദേഹം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. 1984 ൽ കെ. എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ട് ശ്രീ. ജോർജ് ലിയോൺ തെക്കയവും ചേർന്നു നടത്തിയ പ്രചാരണ വാഹനജാഥ ലത്തീൻ സമുദായത്തിൻ്റെ ഏകോപന പ്രക്രിയയുടെ പ്രധാന ചുവടുവയ്പായി മാറി.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പശ്ചാത്തലത്തിൽ സഭയിൽ അല്മായ പങ്കാളിത്തവും കടമകളും എന്നത് പരക്കെ ചർച്ചാവിഷയമായി ഉദയം കൊള്ളുന്ന നാളുകളിൽ ആണ് കേരളത്തിൽ ആദ്യമായി വരാപ്പുഴ അതിരൂപതയിൽ 1979 – ൽ കുടുംബ യൂണിറ്റുകൾക്ക് അടിസ്ഥാനമിടുന്നത്. BCC രൂപികരണത്തിനും വത്തിക്കാൻ കൗൺസിൽ പഠനങ്ങൾക്കും, സഭാ പ്രബോധന പഠനങ്ങൾക്കും നേതൃത്വം കൊടുത്ത വ്യക്തികളിൽ ഒരാളായിരുന്നു അമ്പാട്ട്.

1980 കളുടെ തുടക്കത്തിൽ ബാംഗ്ലൂർ എൻ ബി സി എൽ സി യിൽ “കുടുംബയോഗങ്ങൾ” എന്ന വിഷയത്തിൽ കേരളത്തിലെ അല്മായ നേതാക്കൾക്കായി 10 ദിവസങ്ങളിലായി നടന്ന പ്രഥമ പ്രാദേശിക ഭാഷാ സെമിനാറിൽ ശ്രീ അമ്പാട്ട് അദ്ധ്യാപകനും പങ്കാളിയുമായിരുന്നു. അമ്പാട്ടിനോടൊപ്പം

 NBCLC -ൽ സെമിനാറിൽ പങ്കെടുക്കാൻ ഈ കുറിപ്പ് എഴുതുന്നയാൾക്കും ഭാഗ്യമുണ്ടായി. തുടർന്ന് എൻ എൻ ബി സി എൽ സി യിലെ ഫാൽക്കറ്റിയായി തുടർന്ന അമ്പാട്ട്, കളമശ്ശേരി കാർമൽ ഗിരി, ആലുവ സെൻ്റ് ജോസഫ് സെമിനാരികളിലെ വിസിറ്റിംഗ് ഫാൽക്കറ്റിയും കൂടിയായിരുന്നു .

പിന്നോക്ക സമുദായങ്ങളുടെ മാഗ്നകാർട്ടയായ മണ്ഡൽ കമ്മീഷനെക്കുറിച്ച് സമുദായ അംഗങ്ങളിലും മറ്റു പിന്നോക്ക സമുദായങ്ങളിലും മണ്ഡൽ കമ്മീഷനെ കുറിച്ചുള്ള അറിവും അനിവാര്യതയും പകർന്നു കൊടുക്കുന്നതിൽ അമ്പാട്ടും, അഡ്വ : സി വി ആന്റണിയും ഇരുചിറകുകൾ ആയി പ്രവർത്തിച്ചു .മണ്ഡൽ കമ്മീഷൻ നടപ്പാക്കണം എന്ന് ആവശ്യവുമായി ഒരു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി അന്നത്തെ കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാനെ ഡൽഹിയിൽ കാണുമ്പോഴും അമ്പാട്ടിന്റെ സാന്നിധ്യം മുൻനിരയിൽ ആയിരുന്നു. 1974-ൽ കെ. എൽ.സി.എ മുൻകൈ എടുത്ത് കേരള പിന്നാക്ക സമുദായ ഫെഡറേഷൻ രൂപീകരിക്കുകയുണ്ടായി. മണ്ഡൽ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ 1981-ൽപട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തുകയുണ്ടായി. ഡോ. കെ.കെ. രാഹുലൻ പ്രസിഡണ്ടായും പി.എ.ഫെലിക്സ് ജനറൽ സെക്രട്ടറിയുമായി ര്രപീകരിക്കപ്പെട്ട പുതിയ സമിതിയിൽ അമ്പാട്ട് സെക്രട്ടറിമാരിൽ ഒരാളായിരുന്നു. മണ്ഡൽ കമ്മീഷൻ്റെ പിന്നാക്ക വിഭാഗങ്ങളുടെ ഉദ്യോഗവുമായി ബന്ധപ്പെട്ട ശുപാർശകൾ നടപ്പിലാക്കിയ പ്രധാനമന്ത്രി വി.പി.സിംഗിന് എറണാകുളം മരീൻ ഡ്രൈവിൽ വച്ച് ഗംഭീര സ്വീകരണം നൽകുകയുണ്ടായി. അതിൻ്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു അമ്പാട്ട്.

എച്ച് എം ടി യിൽ ജോലി ചെയ്യുമ്പോഴും അമ്പാട്ടിന്റെ മനസ്സിൽ നിറം പിടിച്ച ഒരു സ്വപ്നം തെളിഞ്ഞു വരുന്നുണ്ടായിരുന്നു. പഠനകാലത്ത് കറുത്ത കോട്ടും ഗൗണും ധരിച്ച് റിക്ഷാ വണ്ടിയിൽ പോകുന്ന അഭിഭാഷകരോട് വലിയ കമ്പം ആയിരുന്നു നിയമവിരുദം നേടാൻ അമ്പാട്ടിന് പ്രേരണയായത്. എൽഎൽബി എന്ന സ്വപ്നം യാഥാർത്ഥമായപ്പോൾ മനസ്സിൽ മൊട്ടിട്ടത് പത്രപ്രവർത്തനത്തിൽ ഡിപ്ലോമ കോഴ്സിനു ചേരുക എന്നതായിരുന്നു. കാക്കനാട് പ്രസ് അക്കാദമിയിൽ നിന്നും പത്രപ്രവർത്തനത്തിൽ ഡിസ്റ്റിങ്ഷനോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.  കെമിസ്ട്രി ബിരുദധാരിയായിട്ടായിരുന്നു അദ്ദേഹം എച്ച് എം.ടിയിൽ പ്രവേശിച്ചത്. അധികം വൈകാതെ എഞ്ചിനിയറിങ് ബിരുദം നേടി.

സമുദായ പ്രവർത്തനവും പത്രപ്രവർത്തനവും എഴുത്തും വായനയും ഒക്കെയായി മുന്നോട്ടു പോയ അമ്പാട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തും തന്റെ പ്രവർത്തനമേഖലയിൽ വ്യാപൃതനായിരുന്നു.

ഫാദർ ഫിർ മൂസ് ഫൗണ്ടേഷൻ അമ്പാട്ടിന് പുരസ്കാരം നല്ലി അംഗീകരിച്ചിട്ടുണ്ട്

1986 കളമശ്ശേരിയിൽ ജോൺപോൾ രണ്ടാമൻ പാപ്പയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ സജീവ നേതൃത്വം വഹിച്ചു. അതിരൂപത ശതാബ്ദി ആഘോഷ സംഘാടക സമിതിയിലും സ്മരണീക കമ്മറ്റിയിലും സജീവപങ്കാളിയായിരുന്നു. ശതാബ്ദി ആഘോഷ കമ്മറ്റിയുടെ ജനറൽ ജോയിൻറ് കൺവീനർ ആയിരുന്നു. ഇതിനോട് അനുബന്ധിച്ച് ഇറക്കിയ കാസറ്റിലെ ഒരു ഗാനം അമ്പാട്ടിന്റേതായിരുന്നു.

33 വർഷത്തെ കമ്പനി സേവനത്തിനു ശേഷം വളൻ്ററി റിട്ടയർമെൻറ്ലൂടെയാണ് എച്ച് എം ടി യിൽ നിന്നും 2000-ൽ വിട പറയുന്നത്. ഓഫീസ് അസോസിയേഷൻറെ സംസ്ഥാന തല ജനറൽ സെക്രട്ടറിയായിരുന്ന അമ്പാട്ട്, നിരവധി സംഘടനകൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. 

കെ ആർ എൽ സി സി യുടെ സ്ഥാപക സെക്രട്ടറിയായി മൂന്നുവർഷം സേവനം ചെയ്തു. 9 വർഷം കെഎൽസിഎ യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഓൾ ഇന്ത്യ കാത്തലിക്ക് യൂണിയൻറെ വൈസ് പ്രസിഡണ്ടായി നാലു വർഷവും, AlCU അല്മായ ഫോർമേഷൻ കൺവീനറായി രണ്ടു വർഷവും പ്രവർത്തിച്ചു. കാത്തിലിക് ബിഷപ്പ് ഓഫ് കോൺഫറൻസ്, ദേശീയ അഡ്വൈസറി കൗൺസിൽ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയിലും അംഗമായിരുന്നു. സി എസ് എസ് ജനറൽ സെക്രട്ടറിയായി 10 വർഷം സേവനം ചെയ്തു. കെ.സി.ബി.സി. അല്മായ കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

, അതിരൂപത അല്മായ കമ്മീഷൻ ചെയർമാൻ, ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ, കാത്തലിക് ഫോറം എന്നീ സംഘടനകളുടെ സ്ഥാപക പ്രസിഡൻറും ആയിരുന്നു. ജീവനാദം, ജീവദീപ്തി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗവുമായിരുന്ന അമ്പാട്ട്, കേരളത്തിലെ പൊതുമേഖല ഓഫീസർമാരുടെ സംസ്ഥാനതല സംഘടനയുടെ മുഖപത്രം “കേരള ഫ്ലാഷ് ” ഇംഗ്ലീഷ് വാരികയുടെ സ്ഥാപക ചീഫ് എഡിറ്റർ ആയിരുന്നു .ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ വൈസ് പ്രസിഡണ്ടായും നാലുവർഷം സേവനം ചെയ്തു. യൂണിയൻ ഓഫ് കാത്തലിക് നാഷണൽ പ്രസ്സ് 2004-ൽ സ്വിറ്റ്സർലൻ്റിലും, 2007- ൽ ബാങ്കോങ്ങിലും നടത്തിയ അന്തർ ദേശീയ സമ്മേളനങ്ങളിലും അമ്പാട്ട് പ്രതിനിധിയായിരുന്നു.

നുറ് കണക്കിനു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അത അതിൽ കുറച്ചു മാത്രമേ പുസ്തകരൂപത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ളൂ., “ഓർമ്മയുടെ ഓളങ്ങളിൽ ” അഥവാ ക്രൈസ്തവ അൽമായ പ്രവർത്തനരംഗത്തെ അരനൂറ്റാണ്ട് കാലത്തെ സേവനങ്ങളിലേക്ക് തിരിഞ്ഞുനോട്ടം – എന്ന ഒറ്റ പുസ്തകം മാത്രം. അൽമായ – സമുദായ ശക്തികരണ- നേതൃത്വങ്ങളുടെ വിവിധ തലങ്ങളിൽ അമ്പാട്ടിന്റെ സാന്നിധ്യവും ചിന്തകളും പ്രവർത്തനങ്ങളും ലത്തീൻ സമുദായത്തിന് എന്നും മുതൽക്കൂട്ട് തന്നെ. 

ഉണിച്ചിറ സെൻറ് ജൂഡ് ദേവാലയ ഇടവകാംഗമായ അമ്പാട്ട് ദമ്പതികൾക്ക് മൂന്ന് മക്കളാണ്. രണ്ടാണും , ഒരു പെണ്ണും. അജിത്ത് – അനില്‍ – അനു-. മൂന്നുപേരും വിവാഹിതരായി കുടുംബജീവിതം നയിക്കുന്നു. ഒരാൾ “അമ്പാട്ടിന് ” ഒപ്പം താമസിക്കുന്നു.

അശീതിയുടെ നിറവിൽ ഇടപ്പള്ളി ടോൾ, മാങ്കുഴി റോഡിൽ “അമ്പാട്ട് ” വീട്ടിൽ ഭാര്യ മേരി ആൻ്റെണിയുമൊത്ത് വിശ്രമ ജീവിതത്തിലായിരിക്കുന്ന അമ്പാട്ടിന്, ആയിരം പൂർണ ചന്ദ്രൻമാരെ കണ്ടുകൊണ്ട് ജീവിതം സന്തോഷ പ്രദമായി മുന്നോട്ട് തുടരാനുള്ള, ആയുസ്സും ആരോഗ്യവും പരമകാരുണ്യവാനായ തമ്പുരാൻ പ്രദാനം ചെയ്യട്ടെ.

— ലൂയിസ് തണ്ണിക്കോട്ട്.